04:17pm 06 November 2026
NEWS
ബം​ഗാളികളെ തിരികെ വിളിച്ച് സുവേന്ദു അധികാരി; കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയോ ?
05/11/2026  12:27 PM IST
nila
ബം​ഗാളികളെ തിരികെ വിളിച്ച് സുവേന്ദു അധികാരി; കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയോ ?

കൊൽക്കത്ത: കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങിയെത്താൻ അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്വന്തം സംസ്ഥാനത്ത് തന്നെ തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെയാണ് തൊഴിലാളികളെ തിരിച്ചുവിളിക്കുന്നത്. ഇതോടെ കേരളത്തിലെ ഹോട്ടൽ, റസ്റ്ററന്റ്, നിർമാണ മേഖലകളിൽ വീണ്ടും തൊഴിലാളിക്ഷാമം രൂക്ഷമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.

കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പതിപ്പായ 'വിബി ജി റാം ജി' പ്രകാരം വർഷത്തിൽ 125 ദിവസത്തെ തൊഴിലും 34,500 രൂപയുടെ വരുമാനവും ഉറപ്പാക്കുമെന്നാണ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനം. മുൻ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിക്കാതിരുന്ന 47 ലക്ഷം പേർക്ക് അടുത്ത രണ്ടുവർഷത്തിനുള്ളിൽ വീടുകൾ നിർമിച്ചുനൽകുമെന്നും പഞ്ചായത്ത് മന്ത്രി ദിലീപ് ഘോഷ് അറിയിച്ചിട്ടുണ്ട്.

ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. പ്രമുഖ കമ്പനികൾ സംസ്ഥാനത്ത് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതായും പ്രവർത്തനം നിലച്ച തേയിലത്തോട്ടങ്ങളിൽ ഭൂരിഭാഗവും വീണ്ടും തുറന്നുപ്രവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾക്ക് തൊഴിൽ കാർഡ് നൽകും. 125 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനൊപ്പം കേന്ദ്രത്തിന്റെ സൗജന്യ റേഷൻ പദ്ധതിയുടെ ആനുകൂല്യവും ലഭിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ പരിരക്ഷ നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്യുന്നു. തിരിച്ചെത്തുന്നവർക്ക് ബുദ്ധിമുട്ടുകളില്ലാത്ത സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തെ ആശങ്കയിലാക്കുന്നത് തൊഴിലാളിക്ഷാമം

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിലെ വിവിധ തൊഴിൽ മേഖലകളെ ബാധിച്ചിരുന്നു. ഹോട്ടൽ, റസ്റ്ററന്റ്, നിർമാണം, ഫാക്ടറികൾ തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി പ്രകടമായത്. തൊഴിലാളികളെ ലഭിക്കാത്തതിനെ തുടർന്ന് ചില ഹോട്ടലുകൾക്ക് പ്രവർത്തനം പോലും നിർത്തിവയ്ക്കേണ്ടിവന്നു.

കേരളത്തിലെ ഏകദേശം ഒരുലക്ഷത്തോളം അംഗീകൃത റസ്റ്ററന്റുകളിൽ 90 ശതമാനത്തിലും ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം ആശ്രയിക്കുന്നുണ്ട്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2024ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 31 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക് 25 ലക്ഷമാണ്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഇവരുടെ എണ്ണം 40 ലക്ഷത്തിലധികമാണ്. ഇതിൽ പകുതിയോളം ബംഗാൾ സ്വദേശികളാണെന്നാണ് വിലയിരുത്തൽ. അസം സ്വദേശികളാണ് എണ്ണത്തിൽ രണ്ടാമത്.

കേരളത്തിൽനിന്ന് പ്രതിവർഷം ഏകദേശം 60,000 കോടി രൂപയാണ് ഇതര സംസ്ഥാന തൊഴിലാളികൾ സമ്പാദിക്കുന്നതെന്നാണ് കണക്ക്. ഇതിൽ 20,000 കോടി രൂപയോളം മാത്രമാണ് കേരളത്തിൽ ചെലവഴിക്കുന്നത്. ബാക്കി 40,000 കോടി രൂപ സ്വന്തം നാടുകളിലേക്ക് അയയ്ക്കുന്നു. കേരളത്തിന്റെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും വിപണിയിലും ഇവരുടെ പങ്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

മലയാളികളുടെ ഷോപ്പിങ് ശീലങ്ങൾ മാളുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കും ഓൺലൈൻ വിപണികളിലേക്കും മാറിയതോടെ പ്രാദേശിക വിപണികളിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കൂടുതൽ നിർണായകമായിട്ടുണ്ട്. ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ ബീഫ് വിപണിയിലുണ്ടായ ഇടിവ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉയർന്ന വേതനം കേരളത്തിന്റെ ആകർഷണം

ബംഗാൾ തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഉയർന്ന വേതനമാണ്. കാർഷിക മേഖലയിലെ പുരുഷ തൊഴിലാളികളുടെ ദിവസവേതനം സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം വ്യക്തമാണ്.

2018 ഡിസംബറിൽ ഗ്രാമീണ കാർഷിക മേഖലയിൽ ദേശീയ ശരാശരി ദിവസവേതനം 321 രൂപയായിരുന്നപ്പോൾ കേരളത്തിലേത് 767 രൂപയായിരുന്നു. 2024-25ൽ ദേശീയ ശരാശരി 398 രൂപയായും കേരളത്തിലെ ശരാശരി 869 രൂപയായും ഉയർന്നു.

ഇതേ കാലയളവിൽ ബംഗാളിലെ കാർഷിക തൊഴിലാളികളുടെ ദിവസവേതനം 329 രൂപയിൽനിന്ന് 452 രൂപയായി മാത്രമാണ് ഉയർന്നത്. ത്രിപുരയിൽ 370 രൂപ, ഒഡീഷയിൽ 369 രൂപ, ഉത്തർപ്രദേശിൽ 355 രൂപ, ഗുജറാത്തിൽ 358 രൂപ എന്നിങ്ങനെയാണ് കണക്കുകൾ.

വേതനത്തിലെ ഈ വലിയ അന്തരം കണക്കിലെടുക്കുമ്പോൾ ബംഗാൾ തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. എന്നാൽ സ്വന്തം നാട്ടിൽ തൊഴിൽ, ഭക്ഷ്യസുരക്ഷ, വീട്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം ഒരു വിഭാഗത്തെ മടങ്ങാൻ പ്രേരിപ്പിച്ചേക്കാം.

കേരളത്തിൽ ഇപ്പോഴേ തൊഴിലാളികളെ കിട്ടാനില്ല

കേരളത്തിൽ നിലവിൽ തന്നെ പല മേഖലകളിലും തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നുണ്ട്. ബംഗാളിൽ നിന്നുള്ളവർ വലിയ തോതിൽ തിരിച്ചുപോയാൽ ഹോട്ടൽ, റസ്റ്ററന്റ്, നിർമാണ മേഖലകളിലാകും കൂടുതൽ ആഘാതമുണ്ടാകുക.

റസ്റ്ററന്റുകളിൽ അവിദഗ്ധ തൊഴിലാളികൾക്ക് ദിവസം 500 രൂപ മുതൽ വേതനം ലഭിക്കുന്നുണ്ട്. വിദഗ്ധ തൊഴിലാളികൾക്ക് 1,500 മുതൽ 2,000 രൂപ വരെയും നൽകുന്നുണ്ട്. ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതിനു പുറമേയാണ്. കേരളത്തിൽ താരതമ്യേന സ്വതന്ത്രമായ ജീവിതസാഹചര്യവും ലഭിക്കുന്നതിനാൽ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ.

എന്നാൽ മറ്റ് സംസ്ഥാനങ്ങളും വികസനപാതയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേരളത്തിലെ തൊഴിലവസരങ്ങളെ മാത്രം ആശ്രയിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ തുടരണമെന്നില്ല. സ്വന്തം സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട തൊഴിലും വരുമാനവും ലഭിച്ചാൽ മടങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കേരളത്തിലെ വേതനവും ജീവിതസാഹചര്യവും നിർണായകം

കേരളത്തിൽ അവിദഗ്ധ തൊഴിലാളികൾക്കുപോലും 900 രൂപയ്ക്കു മുകളിൽ വേതനം ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മറ്റ് മേഖലകളിൽ ഇത് 1,000 രൂപയ്ക്കും മുകളിലാണ്. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ട ജീവിതസാഹചര്യം, സുരക്ഷിതത്വം, വിവിധ ക്ഷേമാനുകൂല്യങ്ങൾ എന്നിവയും കേരളത്തിന്റെ പ്രത്യേകതകളാണ്.

ഓണക്കിറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നതിനു പുറമേ, ഇവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു ഭാഗം സമ്പാദ്യമായി മാറ്റാനും തൊഴിലാളികൾക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ ബംഗാൾ സ്വദേശികൾ വലിയ തോതിൽ കേരളം വിടുമെന്ന് കരുതുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

അതേസമയം, കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഇപ്പോൾ അസം, ഒഡീഷ, ഉത്തർപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ളവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതിനാൽ ബംഗാളിൽ നിന്നുള്ളവരുടെ തിരിച്ചുപോക്ക് മാത്രം കേരളത്തിലെ തൊഴിൽ മേഖലയെ ബാധിക്കുന്ന ഏക ഘടകമല്ല.

സ്വന്തം സംസ്ഥാനങ്ങളിൽ തൊഴിൽസാധ്യതകൾ വർധിക്കുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവ് ഭാവിയിൽ കുറയാനും മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് തൊഴിൽ മേഖലയിലെ ആശ്രിതത്വം കുറയ്ക്കുന്നതിനും ആവശ്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനും കേരളം തയ്യാറാകേണ്ടതുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img